സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂണിയറെ അധിക്ഷേപിച്ചതിന് ബെന്‍ഫിക്കൻ താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിക്ക് ആറ് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. വിവേചനപരമായ പെരുമാറ്റത്തിനാണ് ശിക്ഷയെന്ന് യുവേഫ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ആറ് മത്സരങ്ങളിലെ വിലക്കില്‍ മൂന്നെണ്ണം താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രെസ്റ്റിയാനിക്ക് ഉടന്‍ തന്നെ ആറ് മത്സരങ്ങളും നഷ്ടമാകില്ല. നിലവില്‍ ഒരു മത്സരത്തിലെ വിലക്ക് താരം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി രണ്ട് മത്സരങ്ങളില്‍ കൂടി പ്രെസ്റ്റിയാനി പുറത്തിരിക്കേണ്ടി വരും.
പ്രൊബേഷന്‍ കാലയളവില്‍ സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ബാക്കിയുള്ള മൂന്ന് മത്സരങ്ങളിലെ വിലക്ക് കൂടി പ്രാബല്യത്തില്‍ വരും. ക്ലബ് മത്സരങ്ങള്‍ക്ക് പുറമെ അര്‍ജന്റീന ദേശീയ ടീമിൽ താരത്തെ ഉൾപ്പെടുത്തിയതിനാൽ അന്താരാഷ്ട്ര മത്സരങ്ങളിലും ഈ വിലക്ക് ബാധകമായേക്കാം.
കഴിഞ്ഞ ഫെബ്രുവരിയില്‍ ലിസ്ബണില്‍ നടന്ന ബെന്‍ഫിക്ക - റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം വിനീഷ്യസ് കോര്‍ണര്‍ ഫ്ലാഗിന് സമീപം നിന്ന് നടത്തിയ ആഘോഷം ബെന്‍ഫിക്ക താരങ്ങളെയും ആരാധകരെയും ചൊടിപ്പിച്ചു.
ഇത് മൈതാനത്ത് വലിയ വാക്പോരിന് കാരണമായി. ഈ തര്‍ക്കത്തിനിടെ പ്രെസ്റ്റിയാനി തന്നെ വംശീയമായി അധിക്ഷേപിച്ചെന്നും കുരങ്ങ് എന്ന് വിളിച്ചെന്നും വിനീഷ്യസ് ആരോപിച്ചു. തര്‍ക്കം രൂക്ഷമായതോടെ മത്സരം ഏകദേശം പത്തു മിനിറ്റോളം തടസപ്പെട്ടിരുന്നു.